മുറിഞ്ഞപുഴ: വൈക്കം-പുത്തോട്ട റോഡിൽ വിവിധ ഭാഗങ്ങളിൽ വൻകുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം ദുഷ്കരമായി. വൈക്കം പിതൃകുന്നം, നാനാടം, ഇത്തിപ്പുഴ,കൊച്ചങ്ങാടി, മുറിഞ്ഞപുഴ തുടങ്ങിയ ഭാഗങ്ങളിലാണ് വൻകുഴികൾ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നത്.
ഗതാഗത തിരക്കേറിയ ഈ റൂട്ടിൽ നാനാടത്തിനും കാട്ടിക്കുന്നിനുമിടയിൽ കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് കൂടുതലും അപകടപ്പെടുന്നത്. മുറിഞ്ഞപുഴ പാലത്തിന് സമീപം വൻകുഴികൾ രൂപപ്പെട്ട ഭാഗത്ത് വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽ പെടാതിരിക്കാൻ നാട്ടുകാർ വേസ്റ്റ് ബിൻ സ്ഥാപിച്ച് അപകട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കുഴികൾ അടച്ച് ഗതാഗതം സുരക്ഷിതമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.